ഈ ലേഖനം അയച്ചു തന്നത് തൃശൂര്‍ സ്വദേശിയായ ഗംഗയാണ്. ഒരു സ്വകാര്യ കോളേജിൽ അദ്ധ്യാപികയായി ജോലി ചെയ്തിരുന്ന ഗംഗ കുറച്ചു നാളുകൾക്കു മുമ്പ് ജോലി ഉപേക്ഷിച്ചു. ഇപ്പോൾ ‘വിദ്യാഭ്യാസം’ എന്ന വിഷയത്തെക്കുറിച്ച് കൂടുതൽ അറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു. അതിനായി യാത്രകളും അനവധി കൂടിക്കാഴ്ചകളും നടത്തിവരുന്നു. പുസ്തകങ്ങൾക്കപ്പുറമുള്ള ലോകം വളരെ വിശാലവും അറിവു നിറഞ്ഞതാണെന്നും മനസ്സിലാക്കി വരുന്നു. പ്രകൃതിയോടും പ്രകൃതത്തോടും ഇണങ്ങി ജീവിക്കാൻ ശ്രമം നടത്തിവരുന്നു.

Ganga
/
Traveller
ഈ വർഷത്തെ LSuC (Learning Societies un Conference) നടന്നത് കോയമ്പത്തൂരിലെ കുമരഗുരു കോളേജിൽ വച്ചാണ്. വളരെ വിശാലവും ഭംഗിയുമുള്ള ക്യാമ്പസ് ആയിരുന്നു. ഏകദേശം ആയിരത്തോളം പേർ പങ്കെടുത്തു. വളരെ നല്ല രീതിയിൽ ആയിരുന്നു എല്ലാ ഒരുക്കങ്ങളും ചെയ്തിരുന്നത്. ഉദയപൂരിലെ ശിക്ഷാന്തർ എന്ന പ്രസ്ഥാനമാണ് 2002ൽ ഇതിന് തുടക്കം കുറിച്ചത്. അവർ തന്നെയാണ് ഇപ്പോഴും മുന്നിട്ടിറങ്ങി ഇത് നടത്തുന്നത്. ആധുനിക വിദ്യാഭ്യാസം വരുത്തിവയ്ക്കുന്ന ഭവിഷ്യത്തുകളെ കുറിച്ച് നല്ല ബോധ്യം ഉള്ളവരാണ് അവർ. അതിൽനിന്നും കരകയറാൻ താല്പര്യമുള്ളവരെ ചേർത്തുപിടിക്കുക എന്നത് അവരുടെ ലക്ഷ്യങ്ങളിൽ പെട്ടതാണ്. വ്യത്യസ്തമായ ജീവിത രീതികളെയും ചിന്തകളെയും കുറിച്ചുള്ള ഒരു അറിവ് കിട്ടാൻ LSuC വളരെ സഹായകമാണ്. ജൂണ്‍ 18 മുതൽ 22 വരെ അഞ്ചുദിവസങ്ങളിലാണിത് നടന്നത്.

എല്ലാ ദിവസവും രാവിലെ സര്‍ക്കിള്‍ ടൈം നടത്തിയിരുന്നു. അതിൽ പ്രായഭേദമില്ലാതെ എല്ലാവർക്കും ചെയ്യാൻ കഴിയുന്ന മൂവ്മെന്റുകളും രസകരമായ കളികളും, ഷെയര്‍ ചെയ്യാൻ താല്പര്യമുള്ളവർക്കായി feedback/reflection session -ഉം ഉൾപ്പെടുത്തിയിരുന്നു. അതുകഴിഞ്ഞാൽ ബോര്‍ഡ് നോക്കി ഓരോരുത്തരും അവരവർക്കു താല്പര്യം ഉള്ള സെഷനുകളില്‍ പങ്കെടുത്തുകൊള്ളാൻ പിരിഞ്ഞു പോകുകയുണ്ടായി. ഒരു ചിത്രശലഭത്തെ പോലെ പാറിനടന്ന് സെഷനുകളില്‍ പങ്കെടുക്കാനുള്ള സാധ്യതകള്‍ എന്നെപ്പോലെയുള്ളവർ ആസ്വദിച്ചു.
ഒരു ഉത്തരത്തിനുള്ളിൽ തന്നെ നിൽക്കാതെ ചോദ്യങ്ങൾ ഉണ്ടാക്കാൻ ഉള്ള ആഹ്വാനം ആകർഷകമായി തോന്നി. പല സെഷനുകളിലും ആധുനിക വിദ്യാഭ്യാസം കൊണ്ട് ഉണ്ടാകുന്ന വിപത്തുകളെക്കുറിച്ചും അതിനെ എങ്ങനെ നേരിടാം എന്നതിനെ ക്കുറിച്ചും വളരെയധികം ചർച്ചകള്‍ നടന്നു. പ്രായോഗിക പഠനത്തിലൂടെ വിഷയങ്ങൾ കുട്ടികൾക്ക് എളുപ്പത്തിൽ പറഞ്ഞു കൊടുക്കുകയും, അവരുടെ ചിന്തയിൽ നിന്നുണ്ടായ പുതിയ രീതികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആളുകളും, സംഘടനകളും അവിടെ ഉണ്ടായിരുന്നു. യാത്രകൾ വിദ്യാഭ്യാസത്തിനുള്ള മാർഗ്ഗമാക്കിയവരും ട്രാവലിങ് യൂണിവേഴ്സിറ്റി എന്ന ആശയത്തിലൂടെ യുവജനതയ്ക്ക് പ്രാഗത്ഭ്യം ഉള്ളവരെ പരിചയപ്പെടുത്തിക്കൊടുക്കുന്നവരും, ചെലവു കുറഞ്ഞ രീതിയിൽ ട്രാവലിങ് വിത് എ പര്‍പ്പസ് എന്ന ആശയത്തിൽ യാത്ര ചെയ്യുന്നവരും ഒക്കെ ഉണ്ടായിരുന്നു അവിടെ.
പായ നെയ്ത്ത്, നൂലുണ്ടാക്കൽ, എണ്ണ ഇല്ലാതെയുള്ള പാചകം, നാച്വറല്‍ ഫാമിങ്, ഫോറസ്റ്റ് തെറാപ്പി, കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നവർ, തുണികളെ റീസൈക്കിള്‍ ചെയ്ത് ഭംഗിയുള്ള വസ്തുക്കൾ ആക്കി മാറ്റാൻ കഴിവുള്ളവർ, ഐസ് ബാതിങ്, ഹീലിങ് സെഷന്‍സ്, മൂവ്മെന്റ് തെറാപ്പി, തിയ്യേറ്റര്‍ പ്രകടനങ്ങൾ, ബ്ലൈന്റ് ഫോള്‍ഡഡ് ആക്ടിവിറ്റി… അങ്ങനെയങ്ങനെ പോകുന്നു അവിടെ നടന്ന വിവിധ ഇനം പരിപാടികൾ.
വൃക്ഷങ്ങൾ നിറഞ്ഞ ഒരു ക്യാംപസ് ആയതിനാൽ പകുതിയിൽ കൂടുതൽ പരിപാടികളും ഓരോ മരച്ചുവട്ടിൽ വച്ചായിരുന്നു. കുട്ടികളുടെയും, യുവജനതയുടേയും ചെറിയ ചെറിയ സംഘങ്ങൾ ധാരാളം ഉണ്ടായിരുന്നു. ആദ്യദിവസം രാത്രി കോയമ്പത്തൂർ ഭാഗത്ത് കാണുന്ന തനതു കലാരൂപമായ ‘ദേവരാട്ടം’ ഉണ്ടായിരുന്നു. ബാക്കിയുള്ള ദിവസങ്ങളിൽ സ്റ്റേജ് എന്ന സ്പേസ് LSuC-ൽ പങ്കെടുക്കുന്നവർക്ക് ആയി ഉള്ളതായിരുന്നു. സ്കൂളില്‍ പോകാതെ പഠനം എന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന കുട്ടികൾക്ക് അന്യോന്യം പരിചയപ്പെടാനും അറിയാനും സാധിക്കുന്ന ഒരിടമായിരുന്നു അത്.
നല്ല വശങ്ങളാണ് ധാരാളം കാണാൻ കഴിഞ്ഞതെങ്കിലും ചില ന്യൂനതകളും അവിടെ ഉള്ളതായി തോന്നി. കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് വന്ന മാതാപിതാക്കൾ ഭൂരിഭാഗവും സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്നവരായിരുന്നു. സ്വന്തം വഴി തിരഞ്ഞ് അതിലൂടെ തന്നെ സഞ്ചരിക്കാൻ സാമ്പത്തികഭദ്രത ഇല്ലാത്തവർക്ക് എത്രത്തോളം സാധിക്കും എന്നറിയില്ല. അത് അവിടെ എന്നെപ്പോലെ LSuC എന്താണെന്നറിയാൻ വന്ന പലരിലും സംശയം ഉണ്ടാക്കി. മറ്റൊരു കാര്യം നിരീക്ഷിച്ചത് എന്തെന്നാൽ കുട്ടികൾ കൂട്ടം കൂടുമ്പോൾ അവർക്ക് ഒരു ഫ്രെയിംവര്‍ക്ക് ആവശ്യമാണെന്നു തോന്നി.
എല്ലാ പ്രവൃത്തിക്കും,അറിവിനും അതിന്റെതായ മഹത്വം ഉണ്ടെന്നുള്ളതും അത് ചെയ്യുന്നവരെ ചേർത്ത് നിർത്തുന്നത് ആയ ഒരു ഇടമായിരുന്നു LSuC. വലിയ ഒരു പരിചയശൃംഖലയുണ്ടാക്കാനും ഇതിലൂടെ കഴിഞ്ഞു. വിവരത്തേക്കാളുപരി വിവേകത്തോടെ ജീവിതത്തെ കാണാൻ ഇതുപോലുള്ള ഇടങ്ങൾ നമുക്ക് സഹായകമാകും. അറിവ് പകരുന്നതിൽ / നേടുന്നതിൽ അതിരുകളും അനുവാദവും ആവശ്യമില്ല എന്ന് തിരിച്ചറിയുന്നവരുടെ ഒരു ഒത്തുചേരൽ; അതാണ്! LSuC!
